Saturday, April 26, 2014

Antichrist system-Mass killing through food poison

പഞ്ചാഭില്‍ നിന്നും ഒരു മുന്നറിയിപ്പ് 


പഞ്ചാബ് കേഴുന്നു, കേരളമേ വിഷകൃഷി അരുതേ...
ബത്തിന്‍ഡ (പഞ്ചാബ്): കരിഞ്ഞുപോയ കറ്റകള്‍ കണക്കെ സുഖ്മിന്ദര്‍ സിങ്ങും (66) പരംജീത് കൗറും (60) ബത്തിന്‍ഡ സ്റ്റേഷന്‍ പ്ളാറ്റ്ഫോമിലെ ബെഞ്ചില്‍ വണ്ടി കാത്തുകിടന്നു. എത്രയോ വര്‍ഷം ഗോതമ്പും അരിയും വിതച്ച് കൊയ്ത് മെതിച്ച് രാജ്യത്തെ ധാന്യപ്പുരകളും നമ്മുടെ വയറുകളും നിറച്ച അവരുടെ കരങ്ങളിന്ന് അബലമായിരിക്കുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേദന വിങ്ങും മുഖങ്ങളുമായി കുറേപേര്‍ കൂടിയത്തെി. പരവശരായ വൃദ്ധരും കളിചിരി മങ്ങിയ കുഞ്ഞുങ്ങളും രക്തം വാര്‍ന്ന മുഖമുള്ള സ്ത്രീകളും... പലരുടെയും കൈയില്‍ മരുന്നുപാത്രങ്ങളും ഫ്ളാസ്കുകളും വലിയ സ്കാന്‍ റിപ്പോര്‍ട്ടുകളും. ഇപ്പോള്‍ ഈ പ്ളാറ്റ്ഫോമിന് ഒരു ധര്‍മാശുപത്രി വളപ്പിന്‍െറ ഛായ. വന്നുചേര്‍ന്നവര്‍ ഭൂരിഭാഗവും പഞ്ചാബിലെ മാല്‍വാ കാര്‍ഷിക മേഖലയില്‍നിന്നുള്ളവര്‍. എല്ലാവരും ഒരേവണ്ടി കാത്തുനില്‍ക്കുന്നു. കാന്‍സര്‍ ട്രെയിന്‍ എന്ന അപരനാമത്തിലറിയുന്ന ഒമ്പതരയുടെ ബിക്കാനീര്‍ പാസഞ്ചര്‍. രാജസ്ഥാനിലെ ബിക്കാനീറിലുള്ള ആചാര്യ തുള്‍സി റീജനല്‍ കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് യാത്ര. ഓരോ രാത്രിയിലും നൂറോളം പേര്‍ ഈ സ്റ്റേഷനില്‍നിന്ന് ദിവസേന ബിക്കാനീര്‍ ആശുപത്രിയിലേക്ക് പോകുന്നു. തെക്കന്‍ പഞ്ചാബിലെ ബത്തിന്‍ഡ, ഫരീദ്കോട്ട്, മോഗ, മുക്ത്സര്‍, ഫിറോസ്പൂര്‍, സംഗ്റൂര്‍, മന്‍സാ ജില്ലകളില്‍ (മാല്‍വാ മേഖല) കാട്ടുതീപോലെ പടരുകയാണ് കാന്‍സര്‍.
3000-5000 മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ഗ്രാമത്തില്‍ നാഷനല്‍ കാന്‍സര്‍ റെജിസ്റ്ററിലെ കണക്കുപ്രകാരം ഒരു ദശകത്തിനിടെ അറുപതിലേറെ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ വീണ്ടുവിചാരമില്ലാതെ നടത്തിയ രാസവള-കീടനാശിനിപ്രയോഗത്തിന് പിഴയടക്കുകയാണ് ആ മനുഷ്യരിപ്പോള്‍. വെള്ളവും മണ്ണും പൂര്‍ണമായി വിഷമയം. വെള്ളത്തിലെ ലോഹ-രാസ സാന്നിധ്യം അനുവദനീയമായതിലും എത്രയോ മടങ്ങ് കൂടുതല്‍. ചില കുടുംബങ്ങളില്‍ ഒന്നിലേറെ പേര്‍ക്ക് രോഗമുണ്ട്.
കാന്‍സറിനുപുറമെ ഗര്‍ഭമലസലും വന്ധ്യതയും ജനിതകവൈകല്യങ്ങളും ശ്വാസകോശ അസുഖങ്ങളും വ്യാപകമാണെന്ന് ഖേതി വിരാസത് മിഷന്‍ എന്ന കര്‍ഷക ക്ഷേമ സംഘടനയുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ‘‘ലോകത്ത് ഏറ്റവും മേന്മയുള്ള ഗോതമ്പ് വിളഞ്ഞിരുന്നത് ഞങ്ങളുടെ പാടങ്ങളിലായിരുന്നു. പക്ഷേ, സ്പ്രേ അടിക്കാന്‍ തുടങ്ങിയതോടെ രുചി കുറഞ്ഞു, വിളവുകൂടി. പക്ഷേ ഞങ്ങളുടെ വയലുകള്‍ നശിച്ചു, കുളങ്ങള്‍ നശിച്ചു, ഇപ്പോള്‍ ഞങ്ങളും...’’ കര്‍ണയില്‍ സിങ് എന്ന കര്‍ഷകന്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തിന്‍െറ ഭാര്യ ബല്‍വീര്‍ കൗര്‍ ആറു വര്‍ഷമായി അര്‍ബുദ ചികിത്സയിലാണ്.
തങ്ങളെ വേദനിപ്പിക്കുന്ന രോഗമെന്തെന്ന് അറിയാന്‍ പോലുമായിട്ടില്ലാത്ത കുട്ടികളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മമാരെ കണ്ട് കമ്പാര്‍ട്ട്മെന്‍റിലെ യാത്രികരെല്ലാം കരഞ്ഞു. കീമോതെറപിയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ട സിഖ് യുവാക്കള്‍ കാമറ കണ്ടപ്പോള്‍ പടമെടുക്കരുതെന്നപേക്ഷിച്ചു.
കതിരുകൊത്താന്‍ എത്തിയിരുന്ന മയിലുകളുടെ എണ്ണത്തില്‍ അസ്വാഭാവികമായ കുറവ് കണ്ടതോടെയാണ് കൃഷി പിഴച്ചുതുടങ്ങിയ കാര്യം കര്‍ഷകര്‍ തിരിച്ചറിഞ്ഞത്. മാല്‍വയിലെ പാടങ്ങളില്‍ മയിലുകളും മാടത്തകളും വരാറില്ലിപ്പോള്‍. അവിടെ വട്ടമിട്ട് പറക്കുന്നത് മരണദൂത് പറയുന്ന റൂഹാന്‍ കിളികള്‍ മാത്രം. പഞ്ചാബിന്‍െറ ഈ ദുരവസ്ഥ കേരളത്തിനൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് - നമ്മുടെ പാടശേഖരങ്ങളിലും പൈനാപ്പിള്‍-തേയില തോട്ടങ്ങളിലും കണ്ണുംമൂക്കുമില്ലാത്ത വിഷപ്രയോഗം തുടര്‍ന്നാല്‍ മലയാളിയുടെ ഇനിയങ്ങോട്ടുള്ള യാത്ര കാന്‍സര്‍ ട്രെയിനുകളിലായിരിക്കുമെന്ന്.

No comments:

Post a Comment